വടകര: വടകരയില്‍ നിന്ന് കൊയിലാണ്ടി, പയ്യോളി-പേരാമ്പ്ര, കൊളാവിപ്പാലം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ലിങ്ക് റോഡിനു പകരം ഇന്ന് മുതല്‍ പഴയ സ്റ്റാൻഡിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരേ ബസ് തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗം സമരം പ്രഖ്യാപിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
തിങ്കളാഴ്ച മുതല്‍ ബസ് സര്‍വീസ് പഴയ സ്റ്റാൻഡിലേക്ക് മാറ്റുകയാണെങ്കില്‍ ഈ റൂട്ടുകളിലെ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതമാവുമെന്നും തുടര്‍ന്നും പ്രശ്നത്തിന് പരിഹാരം ആയില്ലെങ്കില്‍ 17 മുതല്‍ താലൂക്കില്‍ സമരം വ്യാപിപ്പിക്കുമെന്നും സംയുക്ത യോഗം വ്യക്തമാക്കി.
ലിങ്ക് റോഡില്‍ നിന്ന് സര്‍വീസ് നടത്തുന്ന സമയത്ത് ഗതാഗത കുരുക്കിന് വലിയ കുറവുണ്ടായിരുന്നു എന്നത് എല്ലാവരും സമ്മതിക്കുന്ന സാഹചര്യത്തില്‍ ഈ മാറ്റം നടപ്പിലാക്കാന്‍ ധൃതി കൂട്ടുന്നത് ആരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണെന്ന് അധികാരികള്‍ വ്യക്തമാക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
2018 മുതല്‍ എട്ടു വര്‍ഷം ലിങ്ക് റോഡില്‍ നിന്ന് സര്‍വീസ് നടത്തിയ ബസുകള്‍ ഇപ്പോള്‍ എന്‍എച്ചിലെ സര്‍വീസ് റോഡ് നിര്‍മാണത്തിലെ അനാസ്ഥ കാരണം അനുഭവപ്പെടുന്ന ഗതാഗത സ്തംഭനത്തിടയില് പുതിയ മാറ്റം നടപ്പിലാക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്നും എന്തിന് വേണ്ടിയാണെന്നും അറിയുവാന്‍ തൊഴിലാളികള്‍ക്ക് താത്പര്യമുണ്ട്. പണിമുടക്കു കാരണം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിന് അധികാരികള്‍ മാത്രമാണ് ഉത്തരവാദികളെന്നും യോഗം വ്യക്തമാക്കി. എം. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
എ. സതീശന്, അഡ്വ. ഇ. നാരായണന് നായര്‍, വിനോദ് ചെറിയത്ത്, മടപ്പള്ളി മോഹനന്, പി. സജീവ് കുമാര്‍, കെ. പ്രകാശന്, മജീദ് അറക്കിലാട്, ബാബു നരിപ്പറ്റ, ഇ. പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.